Kerala

60000 കടന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 240 രൂപ

സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. പവന് 240 രൂപ വര്‍ധിച്ച് 60,440 രൂപ എന്ന നിലയിലും, ഗ്രാമിന് 30 കൂടി 7555 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,555 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6230 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.