ഗുജറാത്തിലെ തീരപ്രദേശങ്ങളിലൂടെയുള്ള യാത്രകളിൽ എപ്പോഴും കൗതുകപ്പെടുത്തുന്നതാണു കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഉപ്പുപാടങ്ങൾ. അഹമ്മദാബാദിൽ നിന്ന് 110 കിമീ ദൂരയിലാണു ഉപ്പ് നിർമ്മാണം എന്ന പ്രക്രിയ നടക്കുന്നത്. . സാങ്ച്വറി അവസാനിക്കുന്ന ഭാഗത്താണു ഈ ചെറിയ ഉപ്പ് പാടം സ്ഥിതി ചെയ്യുന്നത്. ഒരു പ്രൈവറ്റ് ഉപ്പ് നിർമ്മാണ കമ്പനിയുടേതാണിത്.
30 അടി താഴ്ചയിൽ ഭൂമിക്കടിയിലേക്ക് കുഴിച്ചിരിക്കുന്ന ഒരു ബോർവെല്ലിൽ നിന്നാണു ഉപ്പ് പാടത്തേക്കുള്ള വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നത്. അവിടെ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളിൽ നിന്നാണു പമ്പിനുള്ള വൈദ്യുതി കിട്ടുന്നത്. സാധാരണ കടൽ വെള്ളത്തിന്റെ 15 ഇരട്ടി ഉപ്പ് രസമാണു ഈ വെള്ളത്തിനുള്ളത്. ചാൽ വഴി ഉപ്പ് പാടത്തേക്ക് എത്തുന്ന ഈ വെള്ളം ഒന്നിനോടൊന്ന് ചേർന്നുകിടക്കുന്ന പാടങ്ങൾ വഴി അവസാന പാടത്ത് എത്തുന്നു.
ഓരോ പാടങ്ങളിലൂടെ കടന്നുപോകുമ്പോൾ സൂര്യതാപം ഏറ്റുകിടക്കുന്ന വെള്ളത്തിന്റെ ഉപ്പുരസം വർദ്ധിച്ചു വരും. ഇത് 25 ഇരട്ടി വരെ ആകും എന്നാണു കാരു ഭായ് പറഞ്ഞത്. അവസാനപാടത്ത് വെച്ചാണു ഈ വെള്ളം പരലുകളായി മാറാൻ തുടങ്ങുന്നത്. ഇവ കട്ടപിടിച്ച് വലിയ പരലുകളായി മാറാതിരിക്കാൻ ദിവസവും ഒരു പ്രാവിശ്യം വെച്ച് ഇളക്കി കൊടുക്കണം. വെള്ളം മുഴുവൻ പരലുകളായി മാറിക്കഴിഞ്ഞാൽ അവയെ പ്ലാന്റിലേക്ക് മാറ്റുന്നു. അവിടുന്ന് പിന്നീട് അത് പല രൂപത്തിൽ കവറുകളിൽ നമ്മുടെയടുത്ത് എത്തുന്നു.