ഹോങ്കോങ് സിനിമാ ലോകത്തെ തന്നെ വമ്പൻ ഹിറ്റായ ചിത്രമാണ് ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍. ഹോങ്കോങിലും ചൈനയിലും കഴിഞ്ഞ മെയ് മാസത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ആഭ്യന്തര വിപണിയില്‍ നേടിയ വന്‍ സ്വീകാര്യതയ്ക്ക് പിന്നാലെ യു.എസ്, യുകെ, ഫ്രാന്‍സ്, സൗത്ത് കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ സ്ക്രീനുകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ചിത്രം ഇന്ത്യയിലും എത്തിയിരിക്കുന്നു. ഹോങ്കോങ് വാരിയേഴ്സ് ഇന്ത്യയിൽ ഇന്ന് പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.
ചിത്രത്തിന് കേരളത്തിലും റിലീസ് ഉണ്ട്. കേരളത്തിലെ 41 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രത്തിന്റെ കേരള റിലീസ്. തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രത്തിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ റിലീസ് ഉണ്ട്. ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ്: വാല്‍ഡ് ഇന്‍ എന്ന സിനിമയാണ് ഹോങ്കോങ് വാരിയേഴ്സ് എന്ന പേരിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ഇതുവരെ വമ്പൻ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ആഗോള ഗ്രോസ് 1000 കോടിയോടടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങ് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നുമാണ് ഈ ചിത്രം. സമീപകാല ഇന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ ചിത്രങ്ങള്‍ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിൽ മികച്ച നേട്ടം കൊയ്തത് മലയാള ചിത്രം മാർക്കോയാണ്. അത്തരത്തിൽ നോക്കുമ്പോൾ ‘ഹോങ്കോങ് വാരിയേഴ്സ്’ സിനിമയ്ക്ക് ഇന്ത്യയിലും ഫാൻസ് ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെന്‍, റെയ്മണ്ട് ലാം, ടെറന്‍സ് ലോ, കെന്നി വോങ്, ഫിലിപ്പ് എന്‍ജി, ടോണി വു, ജര്‍മ്മന്‍ ചിയൂങ് എന്നിവര്‍ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷന്‍ ചിത്രമാണിത്. യുയിയുടെ സിറ്റി ഓഫ് ഡാര്‍ക്ക്നെസ് എന്ന നോവലിനെയും ആന്‍ഡി സെറ്റോയുടെ അതേ പേരിലുള്ള മാന്‍ഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. 2024-ലെ കാനിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.