ആദ്യം കൂന്തൾ മീൻ മുറിക്കാതെ നന്നായി ക്ലീൻ ചെയ്ത് കഴുകിയെടുക്കുക. അടുത്തതായി മസാല തയ്യാറാക്കാം. ഇതിനായി പൊടിപൊടിയായി അരിഞ്ഞ സവാള എണ്ണയിലേക്ക് ഇട്ട് വഴറ്റുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് അരിഞ്ഞതും പൊടിയായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി വഴറ്റാം. അടുത്തതായി മഞ്ഞൾപൊടിയും ഗരം മസാല പൊടിയും ചേർക്കാം. ഇതിന്റെ പച്ചമണം മാറുമ്പോൾ കൂന്തളിന്റെ ഉൾവശത്തുള്ള ഭാഗം ചെറുതായി മുറിച്ച് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്യാം. വേവാൻ ആവശ്യത്തിന് വെള്ളവും അല്പം ഉപ്പും ചേർത്ത് നന്നായി വേവിക്കുക. വേവുന്ന സമയം കൊണ്ട് ജീരകവും ചെറിയുള്ളിയും തേങ്ങയും അരച്ചെടുക്കാം. ഇതിനെ നന്നായി വെന്ത കൂന്തളിലേക്ക് ചേർക്കാം. നന്നായി ഡ്രൈ ആകുന്നത് വരെ മിക്സ് ചെയ്ത് കുറച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം. ഈ മസാല ആദ്യം ക്ലീൻ ചെയ്തു വെച്ച കൂന്തളിലേക്ക് നിറച്ചു കൊടുക്കുക. ശേഷം ഈർക്കിൽ വെച്ച് കൂന്തൽ ടൈറ്റായി കുത്തി കൊടുക്കാം. ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം. ഈ സമയം ഒരു മസാല തയ്യാറാക്കാം. മിക്സിയുടെ ജാറിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി അല്പം വെളിച്ചെണ്ണ കുറച്ചു വെള്ളം ഇവ ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ എണ്ണ ചേർത്ത് ചൂടായിരിക്കുമ്പോൾ കറിവേപ്പില ഇട്ടുകൊടുക്കാം. കൂടെ മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക. ഇതിലേക്ക് വെന്ത കൂന്തൾ ഇട്ടു കൊടുക്കാം. മസാല നന്നായി പിടിക്കുന്നത് വരെ മിക്സ് ചെയ്തതിനു ശേഷം ചൂടോടെ കഴിക്കാം.