ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന് വൈകീട്ട്. നാല് വനിതാ ബന്ദികളെ ഹമാസ് കൈമാറും. കരീന അരീവ്, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ് എന്നീ വനിതാ ബന്ദികളെയാണ് ഹമാസ് അന്താരാഷ്ട്ര റെഡ് ക്രോസിന് ഹമാസ്കൈ മാറുക. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന് വിട്ടുകൊടുക്കും.
180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് കൈമാറണം എന്നാണ് വ്യവസ്ഥ. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്താൻ പ്രക്ഷോഭ പരിപാടികൾ തുടരാൻ ബന്ദികളുടെ ബന്ധുക്കൾ തീരുമാനിച്ചു. വെടിനിർത്തലിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിൽനിന്ന് പിറകോട്ടു പോകരുതെന്നും അവർ നെതന്യാഹു സർക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി ഇസ്രായേൽ. ജെനിനിൽ വാഹനത്തിനു നേരെ വ്യോമാക്രമണം നടത്തിയാണ് രണ്ട് ഫലസ്തീൻകാരെ കൊലപ്പെടുത്തിയത്. ഇതോടെ 5 ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 16 ആയി. ഗസ്സയിലേക്ക് കുടിവെള്ളവും മറ്റു സാമഗ്രികളും കൂടുതലായി എത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു. ശൈത്യം കാരണം ഗസ്സയിൽ പിന്നിട്ട ഒരാഴ്ചക്കിടെ 7 കുട്ടികൾ മരണപ്പെട്ടതായും യു.എൻ ഏജൻസികൾ വെളിപ്പെടുത്തി.