വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ നൽകിയ മൊഴി.
കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.