Kerala

ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി; ഇമാം അറസ്റ്റില്‍

ഫോണിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച ബാസിത്തും യുവതിയും തമ്മിൽ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ 20 കാരിയെ ഇയാൾ സ്വന്തം വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. തുടർന്ന് ഫോണിൽ വിളിച്ച് തലാഖ് പറഞ്ഞു. മൂന്ന് തവണ മുത്തലാഖ് ചൊല്ലിയ ശേഷം ഇനി നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് ബാസിത് 20 കാരിയോടെ പറയുകയായിരുന്നു. ഇത് കേട്ട യുവതി ഞെട്ടി. തിരികെ ഫോണിൽ ബാസിതിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാസിതും യുവതിയും തമ്മിലുള്ള വിവാഹം നടന്നത് എന്നാണ് സൂചന. ബാസിതിന്റെ രണ്ടാം വിവാഹം ആണ് ഇത്. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുൾ ബാസിത്ത് വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നത് എന്നാണ് യുവതി പറയുന്നത്. ആദ്യ ഭാര്യയെ ഇയാൾ വാടക വീട്ടിലാണ് പാർപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. വിവാഹ ശേഷമാണ് ബാസിതിന് മറ്റൊരു ഭാര്യയുണ്ടെന്ന് യുവതി അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.