സ്ത്രീ-പുരുഷ സമത്വത്തില്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്‍ലിയാർക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താൻ പറയുന്നില്ല. ഇത് പറയുമ്പോൾ ചിലർ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. കാന്തപുരത്തിന്റെ പേര് പറയാതെയായിരുന്നു വിമർശനം.
അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം പറഞ്ഞതോടെയാണ് വിവാദത്തിന്‍റെ തുടക്കം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും നേരത്തെ എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.