വെടിനിർത്തൽ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. കരീന അറീവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെയാണ് വിട്ടയച്ചത്. ഇവരെല്ലാം പൂർണ ആരോഗ്യവതികളായിരുന്നു. എല്ലാവരുടെയും കൈയിൽ ബാഗുകളും കാണാമായിരുന്നു.
ഗസ്സസിറ്റിയിലെ ഫലസ്തീൻ സ്‌ക്വയറിൽ തടിച്ചു കൂടിയവർക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഗസ്സയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പുനൽകിയിരുന്നു.
പകരമായി ഫലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും. അതിന്റെ ഭാഗമായാണ് നാലു വനിത സൈനികരെ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രായേലിന് കൈമാറിയത്. പകരമായി 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.
2023 ഒക്ടോബർ ഏഴിന് നടന്ന മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇസ്രായേൽ പൗരൻമാരെ ബന്ദികളാക്കിയത്. സൈനികരിൽ ഒരാൾ ഐ.എസിന്റെ പിടിയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ജനുവരി 19ന് ഇസ്രായേലും ഹമാസും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാറിനു ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ആദ്യഘട്ടത്തിൽ 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് മോചിപ്പിച്ചിരുന്നു. ജനുവരി 19ന് ഇസ്രായേലും ഹമാസും തമ്മിൽ ധാരണയിലെത്തിയ വെടിനിർത്തൽ കരാറിനു ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ആദ്യഘട്ടത്തിൽ 90 ഫലസ്തീൻ തടവുകാർക്ക് പകരമായി മൂന്ന് ഇസ്രായേൽ പൗരൻമാരെ ഹമാസ് മോചിപ്പിച്ചിരുന്നു.