ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി കേരളം. കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പു പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ 24ന് അനുഭവപ്പെട്ട 36.6 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില. 36.5 ഡിഗ്രിയുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ തന്നെ സ്വയം നിയന്ത്രിത മാപിനികളിൽ പല സ്ഥലങ്ങളിലും താപനില 38 ഡിഗ്രിക്കും മുകളിലാണ്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും സംസ്ഥാനത്ത് 3 ഡിഗ്രി വരെ താപനില ഉയരുമെന്ന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരളത്തിലും മറ്റും മാർച്ച് മാസം മുതലാണ് ചൂട് വർധിച്ചിരുന്നത്.
ജനുവരിയിൽ 37 ഡിഗ്രി വരെ ചൂട് ഇതിനു മുൻപും അനുഭവപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നു. മധ്യകേരളത്തിൽ ജനുവരി മാസത്തിൽ അൽപ്പം കൂടിയ ചൂട് അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. എന്നാൽ മാർച്ച്– ഏപ്രിൽ ആകുന്നതോടെ പാലക്കാട് ഭാഗത്താവും കൂടിയ ചൂട് അനുഭവപ്പെടുക. അതേ സമയം ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 21.8 ഡിഗ്രി കോട്ടയത്താണ്.
STORY HIGHLIGHT: kerala recorded highest temperature in the country