ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ യുവതിയിൽനിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മുണ്ടിക്കൽ താഴം സ്വദേശിനിയിൽനിന്നു പണം തട്ടിയ കേസിലാണ് പ്രതി കാസർകോട് വിദ്യാനഗർ സ്വദേശി ബെധിര വീട്ടിൽ മൊഹമ്മത് അൻതാഷിനെ ചേവായൂർ പോലീസ് പിടികൂടിയത്.
യുവതിയുടെ വാട്സാപ് നമ്പറിൽ ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ വ്യാജ ലിങ്ക് അയച്ചു കൊടുത്ത് ഓൺലൈൻ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിലൂടെ 2024 ഏപ്രിൽ, മേയ് മാസങ്ങളിലായി 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു. തട്ടിപ്പിന് പിന്നാലെ തുക സംസ്ഥാനത്തിന് പുറത്തുള്ള ഒൻപത് അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്.
അതിൽ ഒരു അക്കൗണ്ടിൽ നിന്നും തുക ട്രാൻസ്ഫർ ചെയ്തത് കാസർകോട് സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു. കാസർകോട് ടൗണിൽ ഫെഡറൽ ബാങ്കിൻറെ ശാഖയിൽനിന്നു ചെക്ക് ഉപയോഗിച്ച് 9 ലക്ഷത്തോളം രൂപ പ്രതി പിൻവലിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കിയ ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
STORY HIGHLIGHT: arrested in online trade fraud