Kerala

കിണറ്റില്‍ വീണ അനുജനെ രക്ഷിച്ച ദിയയ്ക്ക് ജീവന്‍ രക്ഷാപതക് – diya fathima jeevan raksha padak

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസ്സുകാരി ദിയ ഫാത്തിമയുടെ ധീരതയ്ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച ജീവന്‍ രക്ഷാപതകില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ മാവേലിക്കര മാങ്കാംകുഴിയിലെ പത്തുവയസ്സുകാരി ദിയ ഫാത്തിമ ആണ്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം.

മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടുവസ്സുകാരന്‍ ഇവാന്‍ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോള്‍ മുറ്റത്തുവിരിച്ച തുണിയെടുക്കാനിറങ്ങിയപ്പോഴായിരുന്നു കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം ദിയ കേട്ടത്. ഓടിച്ചെന്ന് നോക്കിയപ്പോഴാണ് അനുജൻ ഇവാനാണ് അപകടത്തില്‍പെട്ടതെന്ന് മനസ്സിലായത്. പിന്നെ ഒന്നുമാലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിച്ചു. ശബ്ദം കേട്ടിയെത്തിയ ദിയയുടെ അമ്മയും സമീപത്തുള്ളവരും ഓടിയെത്തി രണ്ട് കുട്ടികളേയും പുറത്തേക്കെടുക്കുകയായിരുന്നു.

കുഞ്ഞനുജനെ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ദിയ ഫാത്തിമയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു പിന്നീട്. സനലിന്റേയും ഷാജിലയുടേയും മകളാണ് ദിയ ഫാത്തിമ.

STORY HIGHLIGHT: diya fathima jeevan raksha padak