വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു സ്നാക്ക്സ് തയ്യാറാക്കാം. ആവിയിൽ വേവിച്ചെടുത്ത ഈ സ്നാക്ക്സ് എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഹെൽത്തി ആണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ രുചിയുള്ള ഈ സ്നാക്ക്സ് ഉണ്ടാക്കാം.
ചേരുവകൾ
പഴം- 2
നെയ്യ്- ആവശ്യത്തിന്
അണ്ടിപരിപ്പ്- കാൽ കപ്പ്
ഉണക്കമുന്തിരി-കാൽ കപ്പ്
ശർക്കര- മധുരത്തിന് ആവശ്യമായത്
തേങ്ങ ചിരകിയത് – അരകപ്പ്
റവ – ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം:
ഏത്തപ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് വറുത്ത് മാറ്റാം. വീണ്ടും പാൻ അടുപ്പത്ത് വച്ച് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിക്കുക. അരിഞ്ഞു വെച്ച പഴത്തിന്റെ കഷണങ്ങൾ പാനിലേക്ക് ഇട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി ചേർക്കണം. ശർക്കരപ്പാനിയിൽ കിടന്ന് പഴം നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ അതിലേക്ക് ഒരു നുള്ള് ഉപ്പും ആവശ്യത്തിന് തേങ്ങ ചിരകിയതും റവയും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. എല്ലാ ചേരുവകളും നെയ്യിൽ കിടന്ന് നല്ലതു പോലെ സെറ്റായി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. ഇത് ചൂടാറുമ്പോൾ വാഴയില വാട്ടി ചെറിയ കഷണങ്ങളായി മുറിക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് നീളത്തിൽ വച്ച് മടക്കി ആവി കയറ്റി എടുക്കുക. നല്ല രുചികരമായ നാലുമണി രുചികരമായ പലഹാരം റെഡി.