Features

രാജ്യത്തിന്റെ സവിശേഷ പാരമ്പര്യം വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ്; അറിയാം കര്‍ത്തവ്യപഥിലെ പ്രഥമാഘോഷവും സ്വതന്ത്ര്യാനന്തര സംഭവങ്ങളും

രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം അതിന്റെ സര്‍വ്വ പ്രൗഡിയോടെ ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതി സമുചിതമായി ഈ ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് പ്രാബല്യത്തില്‍ വന്ന റിപ്പബ്ലിക് ദിനം, ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെയും രാജ്യം ഒരു റിപ്പബ്ലിക്കിലേക്കുള്ള പരിവര്‍ത്തനത്തിന്റെയും സ്മരണയ്ക്കായി ആഘോഷിച്ച് പോകുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന പ്രധാന പരിപാടിയാണ് റിപ്പബ്ലിക് ദിന പരേഡ്. രാജ്യത്തിന്റെ പ്രൗഡിയും, ബഹുസ്വരതയും, സാംസ്‌കാരിക പാരമ്പര്യവും, സൈനിക കരുത്തും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. കര്‍ത്തവ്യഥില്‍ ( മുന്‍പ് രാജ്പഥില്‍) നടക്കുന്ന പരേഡ് രാജ്യത്തിന്റെ അഭിമാന മുദ്രയായി ഒരോ വര്‍ഷവും മാറാറുണ്ട്.

ആദ്യ റിപ്പബ്ലിക് പരേഡ് നടന്നത് എവിടെയാണെന്ന ചോദ്യം വന്നാല്‍ ആരും ചിലപ്പോള്‍ ഉത്തരം പറഞ്ഞേക്കും, അത് രാജ്പഥെന്ന്. എന്നാല്‍ ആ ഉത്തരം അപ്പാടെ തെറ്റാണ്. 1950 ജനുവരി 26ന് ഡല്‍ഹിയിലെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് നടന്നത് രാജ്പഥില്‍ അല്ല, ഇര്‍വിന്‍ സ്‌റ്റേഡിയമെന്ന ഇന്നത്തെ മേജര്‍ ധ്യാന്‍ ചന്ദ് ദേശീയ സ്‌റ്റേഡിയത്തിലായിരുന്നു. അന്നത്തെ ഇര്‍വിന്‍ സ്‌റ്റേഡിയത്തിന് ചുറ്റുമായി അതിര്‍ത്തി ഭിത്തി ഇല്ലാതിരുന്നതിനാല്‍ അതിനു പിന്നിലെ പഴയ കോട്ട വ്യക്തമായി കാണാമായിരുന്നു. 1950-1954 കാലഘട്ടത്തില്‍, റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഡല്‍ഹിയിലും, ചിലപ്പോള്‍ ഇര്‍വിന്‍ സ്‌റ്റേഡിയത്തിലും, കിംഗ്‌സ്‌വേ ക്യാമ്പിലും, റെഡ് ഫോര്‍ട്ടിലും, ചിലപ്പോള്‍ രാംലീല മൈതാനത്തും നടന്നിരുന്നു. 1955ല്‍ രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് ആദ്യമായി ആരംഭിച്ചു. ഈ പ്രവണത ഇന്നും തുടരുന്നു. ഇപ്പോള്‍ എട്ട് കിലോമീറ്റര്‍ ദൂരമുള്ള ഈ പരേഡ് റെയ്‌സിന കുന്നില്‍ നിന്ന് ആരംഭിച്ച് രാജ്പഥ് (കര്‍ത്തവ്യപഥ്), ഇന്ത്യാ ഗേറ്റ് എന്നിവയിലൂടെ കടന്ന് ചെങ്കോട്ടയില്‍ അവസാനിക്കുന്നു.

ജനുവരി 26ന്റെ പ്രാധാന്യം

സ്വാതന്ത്ര്യസമരം മുതല്‍ രാജ്യത്ത് ഭരണഘടന നടപ്പാക്കുന്നത് വരെ ജനുവരി 26ന് അതിന്റേതായ പ്രാധാന്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനത്തില്‍ ഒരു സുപ്രധാന പ്രമേയം പാസാക്കി, അതില്‍ 1930 ജനുവരി 26നകം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് ഡൊമിനിയന്‍ പദവി നല്‍കിയില്ലെങ്കില്‍ ഇന്ത്യ സ്വതന്ത്രമായി പ്രഖ്യാപിക്കും. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ 1929 ഡിസംബര്‍ 31 ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഒരു സജീവ പ്രസ്ഥാനം ആരംഭിച്ചു. കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തിലാണ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. ഇത് മാത്രമല്ല, എല്ലാ വര്‍ഷവും ജനുവരി 26 ന് പൂര്‍ണ സ്വരാജ് ദിനം ആഘോഷിക്കാനും തീരുമാനിച്ചു. ഈ രീതിയില്‍, സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ജനുവരി 26 രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമായി അനൗദ്യോഗികമായി മാറിയിരുന്നു. അന്നുമുതല്‍ 1947ലെ സ്വാതന്ത്ര്യം വരെ ജനുവരി 26ന് കോണ്‍ഗ്രസ് സ്വാതന്ത്ര്യദിനമായി ആചരിച്ചുകൊണ്ടിരുന്നത് ഇതുകൊണ്ടായിരുന്നു.

1950ല്‍, രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ ചക്രവര്‍ത്തി രാജഗോപാലാചാരി ജനുവരി 26 വ്യാഴാഴ്ച രാവിലെ 10:18 ന് ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ആറു മിനിറ്റിനുശേഷം ഡോ. രാജേന്ദ്ര പ്രസാദ് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അന്നത്തെ സര്‍ക്കാര്‍ ഭവനിലെയും ഇന്നത്തെ രാഷ്ട്രപതി ഭവനിലെയും ദര്‍ബാര്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം 10.30 ന് രാജേന്ദ്ര പ്രസാദ് എന്ന രാജേന്‍ ബാബുവിന് ഗണ്‍ സല്യൂട്ട് നല്‍കി. തോക്ക് സല്യൂട്ട് ചെയ്യുന്ന ഈ പാരമ്പര്യം 70കള്‍ മുതല്‍ തുടരുന്നു. ഇന്നും ഈ പാരമ്പര്യം അതേപടി തുടരുന്നു.

ഉച്ചയ്ക്ക് 2.30ന് ഗവണ്‍മെന്റ് ഹൗസില്‍ നിന്ന് ഇര്‍വിന്‍ സ്‌റ്റേഡിയത്തിലേക്ക് രാഷ്ട്രപതിയുടെ കാരവന്‍ പുറപ്പെട്ടു. കാരവന്‍ കൊണാട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും പര്യടനം നടത്തി ഏകദേശം നാലരയോടെ സല്യൂട്ട് സ്‌റ്റേജിലെത്തി. പിന്നെ രാജേന്ദ്ര ബാബു പ്രത്യേകം അലങ്കരിച്ച ഒരു കുതിര വണ്ടിയില്‍ കയറി, അത് ആറ് ഓസ്‌ട്രേലിയന്‍ കുതിരകള്‍ വലിച്ചു. അന്നത്തെ ഇര്‍വിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രധാന റിപ്പബ്ലിക് പരേഡ് കാണാന്‍ 15,000 ആളുകള്‍ എത്തിയിരുന്നു. ആധുനിക റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് ആ സ്‌റ്റേഡിയത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. അന്ന് നടന്ന പരേഡില്‍ മൂന്ന് സായുധ സേനകളും പങ്കെടുത്തു. നാവികസേന, ഇന്‍ഫന്‍ട്രി, കാവല്‍റി റെജിമെന്റ്, സര്‍വീസസ് റെജിമെന്റ് എന്നിവയ്ക്ക് പുറമെ കരസേനയുടെ ഏഴ് ബാന്‍ഡുകളും പരേഡില്‍ പങ്കെടുത്തു.

ഈ ചരിത്ര പാരമ്പര്യം ഇന്നും തുടരുന്നു

ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോ ആയിരുന്നു ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. ഇത് മാത്രമല്ല, ഈ ദിവസം ആദ്യമായി ദേശീയ അവധിയായി പ്രഖ്യാപിച്ചു. നാട്ടുകാരുടെ കൂടുതല്‍ പങ്കാളിത്തത്തിനായി, പിന്നീട് 1951 മുതല്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കിംഗ്‌സ്‌വേയില്‍ (ഇന്നത്തെ രാജ്പഥ്) നടത്താന്‍ തുടങ്ങി. ‘സൈനിക് സമാചാര്‍’ മാസികയുടെ പഴയ ലക്കങ്ങള്‍ അനുസരിച്ച്, 1951 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍, നാല് വീരന്മാര്‍ക്ക് അവരുടെ അദമ്യമായ ധൈര്യത്തിന് ആദ്യമായി പരമോന്നതമായ പരമവീരചക്രം നല്‍കി. ആ വര്‍ഷം മുതല്‍ ആഘോഷങ്ങള്‍ രാവിലെ തുടങ്ങി, ആ വര്‍ഷം പരേഡ് ഗോള്‍ഡക് ഖാനയില്‍ അവസാനിച്ചു.

1952ലാണ് ബീറ്റിംഗ് റിട്രീറ്റ് പരിപാടി ആരംഭിച്ചത്. അതിന്റെ ഒരു ചടങ്ങ് റീഗല്‍ സിനിമയുടെ മുന്നിലെ ഗ്രൗണ്ടിലും മറ്റൊന്ന് ചെങ്കോട്ടയിലുമാണ് നടന്നത്. ആര്‍മി ബാന്‍ഡ് ആദ്യമായി മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനമായ ‘എബിഡ് വിത്ത് മി’യുടെ ട്യൂണ്‍ പ്ലേ ചെയ്തു, അതിനുശേഷം എല്ലാ വര്‍ഷവും ഇതേ ട്യൂണ്‍ പ്ലേ ചെയ്യുന്നു. 1953ല്‍ ആദ്യമായി നാടോടിനൃത്തവും കരിമരുന്ന് പ്രയോഗവും റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് രാംലീല മൈതാനിയില്‍ കരിമരുന്ന് പ്രയോഗവും നടന്നു. അതേ വര്‍ഷം, ത്രിപുര, അസം, NEFA (ഇപ്പോള്‍ അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളിലെ ആദിവാസി സമൂഹത്തിലെ പൗരന്മാര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു. 1955ല്‍ റിപ്പബ്ലിക് ദിനത്തില്‍ മുഷൈറയുടെ പാരമ്പര്യം ഡല്‍ഹിയിലെ ചെങ്കോട്ടയിലെ ദിവാന്‍ഇആമില്‍ ആരംഭിച്ചു. അക്കാലത്ത് മുഷൈറ തുടങ്ങുന്നത് രാത്രി പത്തുമണിക്കാണ്. തുടര്‍ന്നുള്ള വര്‍ഷത്തിലാണ് 14 ഭാഷകളുടെ കവി സമ്മേളനം ആദ്യമായി റേഡിയോയില്‍ സംപ്രേക്ഷണം ചെയ്തത്.

1956ല്‍ ആദ്യമായി അലങ്കരിച്ച അഞ്ച് ആനകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. വിമാനങ്ങളുടെ ബഹളം കേട്ട് ആനകള്‍ ഭയന്നുപോകാനുള്ള സാധ്യത കണക്കിലെടുത്ത് സേനാംഗങ്ങള്‍ കടന്നുപോകുന്നതിനും നാടോടി നൃത്തസംഘം വരുന്നതിനും ഇടയിലാണ് ആനകളെ കയറ്റിയത്. അപ്പോള്‍ ഷെഹ്നായി വാദകര്‍ ആനപ്പുറത്തിരുന്നു വായിച്ചു. 1958 മുതല്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചു. 1959ല്‍ ആദ്യമായി റിപ്പബ്ലിക് ദിനാഘോഷത്തില്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകളില്‍ നിന്ന് കാണികള്‍ക്ക് നേരെ പുഷ്പങ്ങള്‍ ചൊരിഞ്ഞു. 1960ല്‍, ആദ്യമായി, ധീരരായ കുട്ടികളെ ആനയുടെ തുമ്പിക്കൈയില്‍ ഇരുന്ന് പരേഡില്‍ കൊണ്ടുവന്നു, അതേസമയം ധീരരായ കുട്ടികളെ ആദരിക്കുന്നതിനുള്ള തുടക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആ വര്‍ഷം, തലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഏകദേശം 20 ലക്ഷത്തോളം ആളുകള്‍ സാക്ഷ്യം വഹിച്ചു, അതില്‍ അഞ്ച് ലക്ഷം പേര്‍ രാജ്പഥില്‍ തന്നെ ഒത്തുകൂടി.

റിപ്പബ്ലിക് ദിന പരേഡും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും കാണാനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത് 1962 ലാണ്. ആ വര്‍ഷമായപ്പോഴേക്കും റിപ്പബ്ലിക് ദിന പരേഡിന്റെ ദൈര്‍ഘ്യം ആറ് മൈലായി വര്‍ദ്ധിച്ചു, അതായത് പരേഡിന്റെ ആദ്യ സംഘം ചെങ്കോട്ടയില്‍ എത്തിയപ്പോള്‍ അവസാന സംഘം ഇന്ത്യാ ഗേറ്റിലായിരുന്നു. അതേ വര്‍ഷം തന്നെ ഇന്ത്യക്കെതിരായ ചൈനയുടെ ആക്രമണത്തെത്തുടര്‍ന്ന് പരേഡിന്റെ വലിപ്പം അടുത്ത വര്‍ഷം കുറച്ചു. 1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇന്ത്യാ ഗേറ്റില്‍ സ്ഥിതി ചെയ്യുന്ന അമര്‍ ജവാന്‍ ജ്യോതിയില്‍ ആദ്യമായി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

രാജ്പഥ് ഇപ്പോള്‍ കര്‍ത്തവ്യപഥ്

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥ് എന്ന ഭാഗം 2022 സെപ്റ്റംബര്‍ മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകുന്നത്. നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു സെപ്റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്റെ പേര് മാറ്റിയത്. കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെ കാലത്താണ് ഈ പാതയ്ക്ക് കിംഗ്‌സ് വേ എന്ന് പേര് നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷം കിംഗ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി. പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.