മാനന്തവാടി: വയനാട്ടിൽ ഒരു സ്ത്രീയെ കടുവ കടിച്ചുകൊന്നതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തുന്നതിനിടെ സ്ഥലത്തെത്താതെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത് പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം.
ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താൻ ഉണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവില്ല. ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനുണ്ടോ എന്ന് യോഗത്തിൽ പരിശോധിക്കും. ഇന്നലെ ഏകോപനക്കുറവ് ഉണ്ടായോ എന്നത് പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.
എകെ ശശീന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഒരു പ്രദേശം മുഴുവൻ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നഗരത്തിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്ത വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടുപാടുന്നു വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനമുയർന്നത്.