കറിയില്‍ ഇട്ട് എടുത്തു കളയാന്‍ അല്ലാതെ കറിവേപ്പില കൊണ്ട് അടിപൊളി സ്നാക്ക് ഉണ്ടാക്കുന്ന കാര്യം ആര്‍ക്കെങ്കിലും അറിയാമോ? നല്ല ഭംഗിയായി പൊരിച്ചെടുത്ത് നാലുമണി ചായക്കൊപ്പം കറുമുറാ കഴിക്കാന്‍ ഈ കറിവേപ്പില ഫ്രൈ ഉണ്ടാക്കി നോക്കൂ.
ചേരുവകള്‍
കറിവേപ്പില : 1 കപ്പ്
ഇഞ്ചി : ചെറിയ കഷ്ണം
പച്ചമുളക് : 4 എണ്ണം
കടലപ്പൊടി : 3 ടേബിൾസ്പൂൺ
അരിപ്പൊടി : 2 ടേബിൾസ്പൂൺ
ചുവന്ന മുളകുപൊടി : 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി : 1/2 ടീസ്പൂൺ
കായം : ഒരു നുള്ള്
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
നല്ല ഫ്രഷ് കറിവേപ്പില തണ്ടോടെ എടുത്ത് കഴുകി വൃത്തിയാക്കുക. ഇതിലെ ജലാംശം മുഴുവനും കളഞ്ഞ് ഉണക്കുക. ഒരു പാത്രത്തിൽ, ചെറുതായി അരിഞ്ഞ ഇഞ്ചി, മുളക് എന്നിവയും, കടലപ്പൊടി, അരിപ്പൊടി, ചുവന്ന മുളകുപൊടി, മഞ്ഞൾപൊടി, കായം, ഉപ്പ് എന്നിവയും ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ കറിവേപ്പില ഓരോ തണ്ടുകളായി മാവില്‍ മുക്കി ഇതിലേക്കിട്ട് വറുത്തെടുക്കാം. ഈ വിഭവം ചൂടുചായക്കൊപ്പമോ അല്ലെങ്കില്‍ ചോറിനൊപ്പമോ കഴിക്കാം.