മധുരക്കിഴങ്ങ് കൊണ്ട് കറിയും സാലഡുമെല്ലാം ഉണ്ടാക്കാറുണ്ട്. ഇക്കുറി അല്‍പം വെറൈറ്റി ആയാലോ? മധുരക്കിഴങ്ങ് ഉപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുഡ്ഡിങ് ഉണ്ടാക്കുന്ന രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍ എന്ന കോണ്ടന്‍റ് ക്രിയേറ്റര്‍. ഇത് ഉണ്ടാക്കുന്ന രീതി നോക്കാം.
ചേരുവകൾ
മധുരക്കിഴങ്ങ് – 300 ഗ്രാം
മൈദ – 4 ടേബിള്‍സ്പൂണ്‍
ശർക്കര പാനി – 1/2 കപ്പ് (125 മില്ലി)
തേങ്ങാപ്പാൽ – 1&1/2 കപ്പ്
ഏലക്ക – 2
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
മധുരക്കിഴങ്ങ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഇഡ്ഡലി തട്ടില്‍ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. തീ കൂട്ടി പത്തു മിനിറ്റ് വേവിക്കുക. ഇത് തണുത്ത ശേഷം, തൊലി കളഞ്ഞ് ഒരു ബ്ലെന്‍ഡറില്‍ ഇടുക, ഇതിലേക്ക് മൈദ, ശര്‍ക്കര പാനി, തേങ്ങാപ്പാല്‍, ഏലക്ക, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കട്ടകള്‍ ഇല്ലാതെ വേണം അടിച്ചെടുക്കാന്‍. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് നെയ്യ് ചേര്‍ത്ത് നന്നായി ഇളക്കി, അടുപ്പത്തുവെച്ച് കുറുക്കി എടുക്കുക. ശേഷം ഇതൊരു സ്റ്റീല്‍ പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിച്ച് എടുക്കുക. മധുരക്കിഴങ്ങ് പുഡ്ഡിംഗ് റെഡി.