തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തിൽ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫ്ലെക്സ് സ്ഥാപിച്ചത്. നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടന തന്നെ സർക്കാർ ഉത്തരവ് ലംഘിച്ച് കോടതിയലക്ഷ്യമാണ് നടത്തിയിരിക്കുന്നതെന്നും കോടതി അന്ന് പ്രതികരിച്ചിരുന്നു.
അനധികൃത ഫ്ലക്സ് വച്ചതിന് സംഘടന പ്രസിഡൻറ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്. ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നേരത്തെ നിയോഗിച്ചിരുന്നു. പിഴ അടച്ച് നടപടി ലഘൂകരിക്കാനാണ് സംഘടനയുടെ നീക്കം. ഫ്ലക്സ് സ്ഥാപിച്ചതിൽ വിശദീകണം നൽകാൻ ഒരാഴ്ചത്തെ സമയം സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദമായതിന് പിന്നാലെ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു.