തിരുവനന്തപുരം: അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്.
അധ്യാപകനായ അരുണ്‍ മോഹനാണ് കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. അധ്യാപകനെതിരെ തിങ്കളാഴ്ച കുട്ടി സ്കൂള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്തുവെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചില്ല. കുട്ടിയുടെ ബന്ധുവാണ് വെള്ളിയാഴ്ച പൊലീസിനെ വിവരം അറിയിക്കുന്നത്.
പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സ്കൂള്‍ അധികൃതരുടെ വീഴ്ചയും പുറത്തുവരുന്നത്. പ്രഥമ അധ്യാപകനുള്‍പ്പെടെ സ്കൂള്‍ അധികൃതർക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ അധ്യാപകൻ ഇപ്പോള്‍ റിമാൻഡിലാണ്.