മാനന്തവാടി നഗരസഭയിൽ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിൽ നിരോധനജ്ഞ നീട്ടി. നാളെ രാവിലെ 6 മണി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. പഞ്ചാരക്കൊല്ലിയിലെ കടുവ വനപാലകനെ ആക്രമിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്.
സാധാരണ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവകൾ മനുഷ്യനെ ആക്രമിക്കാറില്ല. ആൾക്കൂട്ടം കാണുമ്പോൾ കടുവ ഒഴിഞ്ഞു പോകാറാണു പതിവ്. എന്നാൽ പഞ്ചാരക്കൊല്ലിയിലെ കടുവ പകൽ സമത്തു തന്നെ മനുഷ്യനെ ആക്രമിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. 15 പേരടങ്ങുന്ന സംഘത്തിനൊപ്പം പോവുകയായിരുന്ന ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെയാണ് ആക്രമിച്ചത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഭീതിയിലാണ്.
പഞ്ചാരക്കൊല്ലിയിലെ കടുവ അക്രമകാരിയാണെന്നാണു ലഭിക്കുന്ന വിവരം. കടുവ ഇതുവരെ വളർത്തുമൃഗങ്ങളെ പിടിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരു പട്ടിയുടെ ജഡം കണ്ടെങ്കിലും കടുവയാണോ കൊന്നതെന്ന് ഉറപ്പിക്കാനായില്ല. അതിനാൽ കടുവയുടെ പ്രധാന ലക്ഷ്യം മനുഷ്യാനാണോ എന്നാണു നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ആശങ്ക.
STORY HIGHLIGHT: tiger special operation