രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ബോറനടയിൽ ബിസിനസ് പാർട്ണർ ചതിച്ചതിന്റെ പക തീർക്കാൻ അയാളുടെ മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 70 വയസുകാരനായ ശ്യാം സിംഗ് ഭാട്ടി കുട്ടികളെ സ്കൂളിൽ നിന്ന് വിളിച്ചിറക്കി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. വീട്ടിൽ വച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടികളെ കാണാതായതായി വീട്ടുകാർ പരാതിപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തത്. തമന്ന എന്ന തന്നു (12), ശിവ്പാൽ (8) എന്നീ കുട്ടികളെയാണ് പ്രതി കൊലപ്പെടുത്തിയത്. കുട്ടികളുടെ മൃതദേഹത്തിന് അടുത്ത് നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ചതിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചു വരാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ ബോറനട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതി ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് കുട്ടികളെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വിടാനെന്ന വ്യാജേനയാണ് പ്രതി കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രതിയായ ശ്യാം സിംഗ് ഭാട്ടി ഒമ്പത് മാസം മുമ്പ് കുട്ടികളുടെ അച്ഛൻ പ്രദീപ് ദേവസായിയുമായുമൊത്ത് വളകൾ നിർമിക്കുന്ന ഒരു ഫാക്ടറി ആരംഭിച്ചിരുന്നതായി ഡിസിപി രാജർഷി രാജ് വർമ പറഞ്ഞു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് പ്രദീപ് ഈ കൂട്ടുകെട്ട് ഉപേക്ഷിക്കുകയായിരുന്നു. ഏകദേശം 20 വർഷമായി പരസ്പരം അറിയാമായിരുന്ന സുഹൃത്തുക്കളാണ് ഇവരെന്നും പൊലീസ് കൂട്ടിച്ചേർത്തു.