പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തതിന് പിന്നാലെ ആഘോഷം ആരംഭിച്ച് പ്രദേശവാസികൾ. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ജനങ്ങൾ ആഘോഷം നടത്തി. കടുവ ചത്തത് ജനങ്ങൾക്ക് വലിയ ആശ്വാസമായെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ മന്ത്രി പ്രശംസിച്ചു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാമായി ഉറങ്ങാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളിൽ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതക്കുറവ് കാണിച്ചാൽ അത് തിരുത്തിക്കണം എന്നും മന്ത്രി ഓർമിപ്പിച്ച.
കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങൾക്ക് പോസ്റ്റ്മോർട്ടത്തിലൂടെയേ വ്യക്തത വരൂ. ഓപ്പറേഷൻ വയനാടിൻ്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളിൽ തുടരും. പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയത്. 17 ലധികം ക്യാമറകളിൽ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി.
കടുവയ്ക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് കടുവയെ പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയത്. എങ്ങനെയാണ് കടുവ ചത്തത് എന്നതിൽ വ്യക്തതയില്ല. കടുവയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. പഞ്ചാരക്കൊല്ലിയിൽ വെള്ളിയാഴ്ചയാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ കൊന്നത്. കടുവയെ പിടിക്കാനായില്ലെങ്കിൽ വെടിവച്ചുകൊല്ലാമെന്ന് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പകൽ മുഴവനും കടുവയെ പിടികൂടാനുള്ള ദൗത്യം നടത്തിയിരുന്നു. അതിനിടെ കടുവ ജനവാസ മേഖലയിൽ എത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതിന് പിന്നാലെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.