ദില്ലി: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം.
പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്ന് നടൻ്റെ അഭിഭാഷകരായ ആർ ബസന്ത്, എ കാർത്തിക് എന്നിവർ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടൻ കോടതിയെ അറിയിച്ചു. ഹർജി അടുത്തമാസം 28ന് കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കോഴിക്കോട് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ജയചന്ദ്രനെതിരെ പൊലീസ് ചുമത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചത്.