പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമര (58)യ്ക്കായി അരക്കമല വളഞ്ഞ് പൊലീസ്. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയിൽ തന്നെ തുടരുകയാണെന്നാണ് പൊലീസിന്റെ നിഗമനം. കയ്യിൽ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാൽ ചെന്താമരയ്ക്ക് മലയിൽ അധിക നേരം തുടരാൻ സാധിക്കില്ലെന്നും പ്രതി ഉടൻ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടൽ. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
2019ൽ സജിതയെ കൊലപ്പെടുത്തിയ പ്രതിയെ അരക്കമലയിലെ ഗുഹയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഈ ഗുഹയിൽ ഇന്നു തിരച്ചിൽ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താൻ സാധിച്ചില്ല. നെന്മാറ സ്റ്റേഷനിലെയും പാലക്കാട്ടെയും മുൻ പൊലീസ് ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.
അതിനിടെ ചെന്താമര മുൻപ് ജോലി ചെയ്തിരുന്ന തിരുപ്പൂരിലേക്ക് പുറപ്പെട്ട മറ്റൊരു അന്വേഷണ സംഘം ഇയാൾക്കായി ഇവിടെ പരിശോധന വ്യാപകമാക്കി. പ്രതി ബസ് മാർഗമോ ട്രെയിൻ മാർഗമോ രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നാൽ വീട്ടിൽനിന്നും ലഭിച്ച പാതി ഒഴിഞ്ഞ വിഷക്കുപ്പി ചില സംശയങ്ങളിലേക്ക് പൊലീസിനെ നയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ചെന്താമര ആത്മഹത്യക്ക് ശ്രമിച്ചിരിക്കാം എന്ന നിഗമനത്തിലേക്കാണ് പൊലീസിന്റെ അന്വേഷണം ഇപ്പോൾ നീങ്ങുന്നത്.
ചെന്താമരയ്‌ക്കെതിരെ നാട്ടുകാർ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. നേരത്തെ പൊലീസിനെതിരെ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.