World

ഖുർആൻ കത്തിച്ച സൽവാൻ മോമിക സ്വീഡനിൽ വെടിയേറ്റ് മരിച്ചു

ഖുർആൻ കത്തിച്ചുവെന്ന കുറ്റം ആരോപിക്കപ്പെട്ട സൽവാൻ മോമിക്കയെ (38) സ്വീഡന്റെ സ്റ്റോക്ക്ഹോം കൗണ്ടിയിലുള്ള സോഡർട്ടൽജി നഗരത്തിൽ വെടിവച്ചു കൊന്നു. ഇറാഖിൽ നിന്നുള്ള അഭയാർഥിയായ മോമിക്കയ്ക്കു എതിരായ കേസിൽ കോടതി വിധി പറയാനിരുന്നതിന്റെ തലേന്നാണ് അജ്ഞാതർ അയാളെ വെടിവച്ചത്.

ഫ്‌ളാറ്റില്‍ കയറിയ സംഘമാണ് കൊല നടത്തിയതെന്ന് പൊലിസ് അറിയിച്ചു. ലൈവ് വീഡിയോ ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം. മോമിക കൊല്ലപ്പെട്ട സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവച്ചു. സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ പറഞ്ഞു. ഖുർആൻ പേജുകൾ വലിച്ചു കീറി കത്തിക്കുന്നത് പതിവാക്കിയ മോമിക്ക മുസ്ലിം രാജ്യങ്ങളിൽ ഏറെ രോഷം ഉണർത്തിയിരുന്നു. സൗദി അറേബ്യ അയാളുടെ നടപടിയെ പരസ്യമായി അപലപിക്കയും ചെയ്തു.

2023 ജൂണില്‍ പെരുന്നാള്‍ ദിനത്തിലാണ് സ്റ്റോക്ക്ഹോം സെന്‍ട്രല്‍ മോസ്‌കിന് മുന്നില്‍വച്ച് ഇയാള്‍ ഖുര്‍ആന്‍ കത്തിച്ചത്. അങ്ങേയറ്റം മാനവിക വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉള്ള പുസ്തകമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും ഭാഗമായാണ് ഖുര്‍ആന്‍ കത്തിച്ചതെന്നാണ് സാല്‍വാന്‍ മോമിക പറഞ്ഞത്.

ആദ്യം ഈ നിലപാടിനെ സ്വീഡന്‍ സര്‍ക്കാര്‍ പിന്‍താങ്ങിയിരുന്നു. എന്നാല്‍, ലോകമെമ്പാടും പ്രതിഷേധമുണ്ടായതോടെ സ്വീഡന്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. ഇറാഖിലെ ബാഗ്ദാദിലെ സ്വീഡിഷ് എംബസി പ്രതിഷേധക്കാര്‍ നിരന്തരമായി ഉപരോധിച്ചു. ഇതോടെ സ്ഥാനപതി നഗരം വിടേണ്ടിയും വന്നു. പ്രതിഷേധക്കാര്‍ റോഡിലിറങ്ങി കലാപമുണ്ടാക്കി.

ചില സാഹചര്യങ്ങളില്‍ വിശുദ്ധഗ്രന്ഥങ്ങള്‍ കത്തിക്കുന്നത് കുറ്റകരമാക്കുന്ന നിയമം സ്വീഡന്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഇയാളുടെ റെസിഡന്‍സി പെര്‍മിറ്റ് 2023 ഒക്ടോബറില്‍ സ്വീഡന്‍ പിന്‍വലിച്ചു. ഇതോടെ ഇയാളെ തിരികെ അയക്കണമെന്ന് ഇറാഖ് ആവശ്യപ്പെട്ടു.

പക്ഷേ, ഇയാളെ തിരികെ അയക്കുന്നതിലെ നടപടികള്‍ സ്വീഡനിലെ കോടതി സ്റ്റേ ചെയ്തു. ഇതിന് ശേഷം സാല്‍വാന്‍ മോമിക നോര്‍വേയില്‍ അഭയം തേടാന്‍ ശ്രമിച്ചു. ഇയാളുടെ അപേക്ഷ തള്ളിയ നോര്‍വേ സര്‍ക്കാര്‍ സ്വീഡനിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് കേസ് നടക്കുന്നതിനാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം താമസിക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. അതിനിടെയാണ് കൊല നടന്നത്.