കൊച്ചി: ഇന്ത്യക്കാർ വിദേശത്തു വച്ച് വിദേശിയെ വിവാഹം ചെയ്താൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇവിടെ റജിസ്റ്റർ ചെയ്യാനാവില്ലെന്നും അതിനു ഫോറിൻ മാര്യേജ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നും ഹൈക്കോടതി. 2014ൽ ഇന്തൊനീഷ്യയിൽ വിവാഹിതരായ തൃശൂർ സ്വദേശി വിപിനും ഇന്തൊനീഷ്യക്കാരിയായ മാദിയ സുഹാർത്തികയും നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
ഫോറിൻ മാര്യേജ് ആക്ട് പ്രകാരം ഹർജിക്കാർക്ക് ഓൺലൈനിൽ റജിസ്ട്രേഷൻ സൗകര്യമൊരുക്കാൻ കോടതി നിർദേശിച്ചു. നാട്ടിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹ റജിസ്ട്രേഷന് അപേക്ഷ നൽകിയിട്ടു നടക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിച്ചത്. വിവാഹം നടത്തിയത് ഇന്തൊനീഷ്യയിലെ സിവിൽ നിയമപ്രകാരമാണെന്നും ഫോറിൻ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ ഉള്ളവർക്കുമാണു സ്പെഷൽ മാര്യേജ് ആക്ട് ബാധകം. ഇന്ത്യൻ പൗരന്മാരുൾപ്പെട്ട വിവാഹം വിദേശത്തു നടന്നാൽ ഫോറിൻ മാര്യേജ് ആക്ട് ആണു ബാധകം.
വിവാഹിതരിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വമുണ്ടെങ്കിൽ ഈ നിയമപ്രകാരം വിദേശത്തെ മാര്യേജ് ഓഫിസർക്കു മുന്നിൽ ജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്ട്രേഷൻ അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, ഫോറിൻ മാര്യേജ് ആക്ട് പ്രകാരം റജിസ്ട്രേഷന് ഇന്തൊനീഷ്യയിലെ ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫിസർക്ക് ഓൺലൈനിൽ അപേക്ഷ നൽകണമെന്നും മാര്യേജ് ഓഫിസർ വിഡിയോ കോൺഫറൻസ് മുഖേന നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.