Kerala

ചായയുടെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി – tea shop murder

ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ച് കോടതി. ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തിവന്നിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് സുധീറിനെ കുത്തിക്കൊന്ന കേസിൽ പ്രതിയായ കന്യാകുമാരി മാർത്താണ്ഡം സ്വദേശി വർഗീസിനെയാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ആണ് ശിക്ഷ വിധിച്ചത്.

2017 ഡിസംബർ 21-നായിരുന്നു സംഭവം. റബ്ബർ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. സുധീറിന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു. ചായ കഴിച്ച വകയിൽ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. വൈകീട്ട് കടയുടെ മുന്നിൽവെച്ച് സുധീർ പ്രതിയോട് കാശ് ചോദിച്ചെങ്കിലും കേൾക്കാത്ത ഭാവത്തിൽ പോയി. തുടർന്ന് പ്രതിയുടെ വീട്ടിൽച്ചെന്ന് പണം ചോദിച്ചപ്പോൾ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.

പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജൻ സംഭവം കണ്ടിരുന്നെങ്കിലും അയാൾ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. എന്നാൽ സംഭവത്തിൽ അയൽവാസിയായ സ്ത്രീയുടെ മൊഴി നിർണായക തെളിവായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ സുധീറിന്റെ സഹോദരിയോടും ആംബുലൻസിൽ കൂടെ പോയയാളോടും ‘വർഗീസ് എന്നെ കുത്തി’യെന്നു പറഞ്ഞതും നിർണായകമായ മരണമൊഴിയാണെന്നു കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

STORY HIGHLIGHT: tea shop murder