പുനര്‍നിര്‍മിച്ച ശക്തന്‍പ്രതിമയുടെ അനാച്ഛാദനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിക്കും. എന്നാല്‍, പ്രതിമയുടെ അനാച്ഛാദനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്ന് ശില്‍പി തിരുവനന്തപുരം സ്വദേശി കുന്നുവിള മുരളി പറഞ്ഞു. പണി പൂര്‍ത്തിയാകാതെ പ്രതിമ തുറന്നുനല്‍കുന്നത് ശരിയല്ലെന്നും ശില്‍പി കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഇടിച്ചാണ് ശക്തന്‍ തമ്പുരാന്റെ വെങ്കലപ്രതിമ തകര്‍ന്നത്. തുടര്‍ന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കെ.എസ്.ആര്‍.ടി.സി. പ്രതിമ നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാള്‍ നിര്‍മാണച്ചെലവേറിയപ്പോള്‍ തൃശ്ശൂര്‍ എം.എല്‍.എ. പി. ബാലചന്ദ്രന്‍ സുസ്ഥിരവികസന ഫണ്ടില്‍നിന്ന് പണം അനുവദിച്ചു. നവംബര്‍ പതിനഞ്ചിനാണു പുനര്‍നിര്‍മിച്ച പ്രതിമ തൃശ്ശൂരിലെത്തിച്ചത്. പ്രതിമ നിര്‍മിച്ച ശില്‍പി കുന്നുവിള മുരളിതന്നെയാണ് പുനര്‍നിര്‍മാണവും നടത്തിയത്.
സ്തൂപത്തിന്റെയും പൂന്തോട്ടത്തിന്റെയും നവീകരണം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പിയായ ശക്തന്‍ തമ്പുരാന്റെ പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിക്കുകയാണെന്നാണ് മേയര്‍ എം.കെ. വര്‍ഗീസ് നൽകുന്ന വിശദീകരണം.
STORY HIGHLIGHT: sakthan thampuran statue