Kerala

കൂടി കൂടി ഇതെങ്ങോട്ടാ, കത്തിക്കയറി സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഇന്ന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്.

ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.

നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ 67000 രൂപയ്ക്ക് മുകളിൽ നൽകണം.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.