കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി.
പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ നടന്ന തട്ടിക്കൊണ്ടുപോകലിൽ സിപിഎം വാദവും പൊളിയുകയാണ്. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം. പ്രതിപക്ഷമാണ് പൊലീസ് വീഴ്ചയിൽ ആരോപണം ഉന്നയിച്ചത്.
തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകൾ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പാണ് കലാരാജുവിനെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഔദ്യോഗിക വാഹനത്തില്‍ തട്ടിക്കൊണ്ടു പോയത്. പിന്നാലെ കലാ രാജുവിനെ കാണാനില്ലെന്ന് കാണിച്ച് മകള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും യുഡിഎഫ് വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. തന്റെ വസ്ത്രം വലിച്ചുകീറിയെന്നും അപമാനിച്ചുവെന്നും കലാരാജു മാധ്യമങ്ങളോട് പറഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയിരുന്നു.
കേസിന്റെ അന്വേഷണത്തില്‍ സിപിഎം നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് നടപടിയെടുക്കാന്‍ തയ്യാറായതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉയര്‍ത്തിയിരുന്നു.