മാനന്തവാടി: വെള്ളമുണ്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുപി സ്വദേശി മുഖീബ് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ യുപി സ്വദേശിയും മുഖീബിന്റെ സുഹൃത്തുമായ ആരിഫിനെയും പിന്നാലെ ഇയാളുടെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ മുഹമ്മദ് ആരീഫ് നേരത്തെ കുറ്റസമ്മതം നടത്തിയത്.
കേരളത്തില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് ഇന്ന് തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയതെന്നാണ് പുതിയ വിവരം. അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. എന്നാൽ ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തിൽ ആരിഫ് താമസം മാറി. എന്നാൽ വെള്ളിയാഴ്ച ഉച്ചക്ക് താൻ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരീഫ് യുപി സ്വദേശി തന്നെയായ മുഖീബിനെ തോർത്തുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച് ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ്ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്. സംശയം തോന്നി ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോൾ ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു.
തലഭാഗം ഒരു പ്ലാസ്റ്റിക് കവറിലും ശരീരഭാഗം വെട്ടിമുറിച്ച് മറ്റൊരു കറുത്ത പ്ലാസ്റ്റിക് കവറിലിട്ട് കറുത്ത ബാഗിലുമാക്കിയാണ് വാഴത്തോട്ടത്തിൽ രണ്ടിടത്തായി പ്രതി ഉപേക്ഷിച്ചത്. തല കവറിലാക്കി, തുണയിൽ പൊതിഞ്ഞ് കാർബോഡ് പെട്ടിയിലാക്കിയാണ് ഇട്ടത്. വേസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ രണ്ട് ബാഗുകളുമായി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഒരു കവർ പാലത്തിന് താഴെയും രണ്ടാമത്ത ബാഗ് കുറച്ച് ദൂരയും കൊണ്ടിട്ടു. ഇതോടെയാണ് ഓട്ടോക്കാരന് സംശയം തോന്നിയും പൊലീസിലറിയിക്കുന്നതും.
വിവരമറിഞ്ഞെത്തിയ പൊലീസ് പാലത്തിന് താളെയുള്ള വാഴത്തോച്ചത്തിൽ നടത്തിയ പരിശോധനയിൽ കറുത്ത ബാഗിലും പെട്ടിയലുമായി ഉപേക്ഷിച്ച മുഖീബിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നീട് പൊലീസ് ഇയാൾ താമസിച്ചിരുന്ന മുറിയിലെത്തി മുഹമ്മദ് ആരിഫിനെ കസ്റ്റഡിയില്‍ എടുത്തു. ഭാര്യയുമായി മുഖീബിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ആദ്യം തന്നെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിൽ ആരിഫ് സംശയിച്ചിരുന്നതായും കേരളം വിട്ട് പോകാൻ തീരുമാനിച്ചതും കണ്ടെത്തിയത്. പ്രതി താമസിച്ചിരുന്ന തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവരെല്ലം കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ്. അടുത്ത താമസക്കാരായിട്ടും ആരും കൊലപാതകം അറിഞ്ഞിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയില്‍ എടുത്ത വെള്ളമുണ്ട പൊലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്തുവരികയാണ്.