Sports

സി കെ നായിഡു ട്രോഫി, കേരളത്തിനെതിരെ കര്‍ണ്ണാടകയ്ക്ക് എട്ട് റണ്‍സ് ലീഡ്

ബാംഗ്ലൂരില്‍ നടക്കുന്ന സി കെ നായിഡു ട്രോഫിയില്‍ കര്‍ണ്ണാടകയോട് എട്ട് റണ്‍സിന്റെ ലീഡ് വഴങ്ങി കേരളം. കേരളത്തിന്റെ 327 റണ്‍സിനെതിരെ കര്‍ണ്ണാടകയുടെ ആദ്യ ഇന്നിങ്‌സ് 335 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 43 റണ്‍സെന്ന നിലയിലാണ്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി മുന്‍തൂക്കം നേടാന്‍ കേരളത്തിനായെങ്കിലും കര്‍ണ്ണാടകയുടെ മധ്യനിര അവസരത്തിനൊത്തുയര്‍ന്നതോടെയാണ് കേരളത്തിന് ലീഡ് വഴങ്ങേണ്ടി വന്നത്.

രണ്ട് വിക്കറ്റിന് 29 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കര്‍ണ്ണാടകയ്ക്ക് വൈകാതെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഹര്‍ഷില്‍ ധര്‍മ്മാനിയെയും മൊനിഷ് റെഡ്ഡിയെയും അഭിജിത് പ്രവീണ്‍ തന്നെയാണ് പുറത്താക്കിയത്. 71 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കേരളം പിടി മുറുക്കുന്നുവെന്ന് തോന്നിച്ചെങ്കിലും തുടര്‍ന്നെത്തിയ കര്‍ണ്ണാടക ബാറ്റര്‍മാര്‍ കളി തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു. കാര്‍ത്തികേയയ്ക്കും കൃതിക് കൃഷ്ണയ്ക്കുമൊപ്പം ക്യാപ്റ്റന്‍ അനീശ്വര്‍ ഗൗതം ഒരുക്കിയ കൂട്ടുകെട്ടുകളാണ് കര്‍ണ്ണാടകയെ കരകയറ്റിയത്. അനീശ്വര്‍ ഗൗതം 71ഉം കൃതിക് കൃഷ്ണ 68ഉം കാര്‍ത്തികേയ 45ഉം റണ്‍സ് നേടി. വാലറ്റത്തിനൊപ്പം ചേര്‍ന്ന് മന്വന്ത് കുമാര്‍ നേടിയ 57 റണ്‍സ് കൂടിച്ചേര്‍ന്നതോടെയാണ് കര്‍ണ്ണാടകയുടെ ഇന്നിങ്‌സ് 335 വരെ നീണ്ടത്. കേരളത്തിന് വേണ്ട് എം. യു. ഹരികൃഷ്ണന്‍ മൂന്നും അഭിജിത് പ്രവീണ്‍ രണ്ടും പവന്‍ രാജ്, അഖിന്‍, അഹ്മദ് ഇമ്രാന്‍, കിരണ്‍ സാഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന്റേത് മികച്ച തുടക്കമായി. എട്ട് ഓവറില്‍ വിക്കറ്റ് പോകാതെ 43 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. 23 റണ്‍സോടെ ഒമര്‍ അബൂബക്കറും 19 റണ്‍സോടെ പവന്‍ ശ്രീധറുമാണ് ക്രീസില്‍.