ഡിസ്നി സിനിമകളിലേതു പോലുള്ള മഞ്ഞുകൊട്ടാരങ്ങള്‍ നേരിട്ട് കാണാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടോ? മഞ്ഞുകാലം തീരുന്നതിനു മുന്‍പേ ഹിമാചല്‍പ്രദേശിലൊന്നു പോയാല്‍ അത്തരമൊരു കാഴ്ച കണ്ടു തിരിച്ചുപോരാം. ഹിമാചൽ പ്രദേശിലെ കാസയ്ക്കടുത്തുള്ള ശാന്തമായ ലിംഗ്തി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു മഞ്ഞുഗുഹ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഞ്ഞു മൂടിയ സീലിങ്ങുകളും തിളങ്ങുന്ന മതിലുകളും കൊണ്ട് അലങ്കരിച്ച ഈ ഗുഹ ഒരു കഫേയാണ്. സ്നോ കേവ് കഫേ എന്ന് പേരുള്ള ഈ കഫേയില്‍ ചായ കുടിക്കാനും മാഗി കഴിക്കാനുമായി ആളുകള്‍ ഒഴുകിയെത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇതിന്‍റെ മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനായി മാത്രം എത്തുന്നവരുമുണ്ട്.,പ്രദേശവാസികളായ ചില ആളുകളാണ് ഈ ഗുഹയ്ക്കു പിന്നില്‍. അവര്‍ ഐസ് ഗുഹയ്ക്ക് മുകളില്‍ എല്ലാദിവസവും വെള്ളം തളിക്കുന്നു, ഇങ്ങനെയാണ് അതിന്‍റെ ഘടന നിലനിര്‍ത്തുന്നത്.
ഗുഹയുടെ മധ്യഭാഗത്ത് തിളങ്ങുന്ന മഞ്ഞുപാളികളാൽ ചുറ്റപ്പെട്ട സുന്ദരമായ ഒരു പ്രതിമയുണ്ട്. മാത്രമല്ല, ഗുഹയ്ക്കുള്ളില്‍ ഒരു ജലാശയവുമുണ്ട്. ഉള്ളിലെ ചെറിയ എല്‍ഇഡി ബള്‍ബുകളുടെ പ്രകാശം കൂടിയാകുമ്പോള്‍, ഏതോ മായിക ലോകത്തെത്തിപ്പെട്ട പ്രതീതിയാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. പരുക്കൻ ഹിമാലയൻ മലനിരകൾക്കിടയിൽ, സ്പിറ്റി താഴ്‌വരയുടെ കിഴക്കേ അതിരില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് കാസ. ഏകദേശം 3,800 മീറ്റർ (12,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാസയ്ക്ക് ചുറ്റും മഞ്ഞുമൂടിയ കൊടുമുടികളും തെളിഞ്ഞ നദികളും ആകർഷകമായ ഒട്ടേറെ ഗ്രാമങ്ങളുമുണ്ട്, അതിലൊന്നാണ് ലിംഗ്തി. ഐസ് കേവ് കഫേ കൂടാതെ, സാംസ്‌കാരികവും പ്രകൃതിദത്തവുമായ ആകര്‍ഷണങ്ങളാല്‍ സമ്പന്നമാണ് ഇവിടം.
പുരാതന ബുദ്ധവിഹാരമായ ലാലുങ് മൊണാസ്ട്രി ലിംഗ്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. ആത്മീയതയില്‍ ആകൃഷ്ടരായി നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഗ്രാമഹൃദയത്തിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ലിംഗ്തി നദിയുടെ ശാന്തമായ കരയിലൂടെ നടക്കാം. മഞ്ഞുകാലത്ത്, ഐസായി മാറുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയും കാണേണ്ടതാണ്. ലിംഗ്തിയില്‍ നിന്നല്‍പ്പം അകലെ മാറിയാണ് പിൻ വാലി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്. ടിബറ്റൻ അതിർത്തിക്ക് സമീപം ധങ്കർ ഗോമ്പയുടെ തെക്ക് വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം, ലഹൗൾ, സ്പിറ്റി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന ഭാഗം 6,000 മീറ്ററിലധികം ഉയരത്തിലാണ്. ഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കൻ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
ടിബറ്റിൽ നിന്നുള്ള ഒരു മധ്യകാല ബുദ്ധ സന്യാസിയുടെ, 550 വർഷം പഴക്കമുള്ള മമ്മി സൂക്ഷിച്ചിരിക്കുന്ന ഗ്യൂ ഗ്രാമവും ഇതിനടുത്താണ്. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമായ ചിച്ചാം പാലം, താഴ്വരയിലെ മറ്റൊരു കാഴ്ചയാണ്. ചിച്ചാം, കിബ്ബർ എന്നീ രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം, 13596 അടി ഉയരത്തിലാണ് നിർമിച്ചിരിക്കുന്നത്. 15 വർഷം കൊണ്ടു നിർമിച്ച ചിച്ചാം പാലം 2017 ൽ തുറന്നുകൊടുത്തു. പാലം കടന്നാൽ പ്രശസ്തമായ ചന്ദ്രതാല്‍ തടാകത്തിലേക്കു പോകാം. കാസ, കോമിക്, ലാങ്‌സ, ധങ്കർ, ടാബോ, നാക്കോ എന്നിവ ഉൾപ്പെടുന്ന ചുറ്റുമുള്ള പ്രദേശവും വളരെയേറെ ജനപ്രിയമാണ്.
STORY HIGHLIGHTS: himachal-snow-cave-cafe