Kozhikode

രാമനാട്ടുകരയെ നടുക്കിയ കൊലപാതകത്തിന് കാരണം മദ്യപാനത്തിനിടെ സ്വവർഗ രതിക്ക് നിർബന്ധിച്ചത്: ഇജാസിൻ്റെ കുറ്റസമ്മതം | confession details

പരിചയക്കാരായ ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ യുവാവിനെ ചെങ്കല്ലുപയോഗിച്ച്  തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പിടിയിലായ യുവാവിന്‍റെ മൊഴി പുറത്ത്. സ്വവര്‍ഗരതിക്ക് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നുണ്ടായ വിരോധം മൂലമാണ് നീറാട് സ്വദേശിയായ ഷിബിനെ കൊലപ്പെടുത്തിയതെന്നാണ് മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസ് പൊലീസിന് മൊഴി നൽകിയത്. പരിചയക്കാരായ ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടയിൽ ഷിബിന്‍ സ്വവര്‍ഗരതിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ഇജാസ് പൊലീസിനോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വിശദ വിവരങ്ങൾ ഇങ്ങനെ

രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ചെങ്കല്ല് കൊണ്ടു തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത് രാവിലെ പത്തു മണിയോടെയാണ്. മുഖമാകെ തകര്‍ന്ന നിലയിലായതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ച് ഫറോക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ വൈദ്യരങ്ങാടി സ്വദേശി ഇജാസ് പിടിയിലായത്. ഇജാസിനെ ചോദ്യം ചെയ്തപ്പോഴാണ് കൊല്ലപ്പെട്ടത് നീറാട് സ്വദേശി ഷിബിനാണെന്ന് വ്യക്തമായത്. പരിചയക്കാരായ ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചു. പിന്നീട്  ഷിബിന്‍  സ്വവര്‍ഗരതിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ഇജാസ് പൊലീസിനോട് പറഞ്ഞത്. ഇതില്‍ പ്രകോപിതനായ ഇജാസ് ഷിബിനെ സ്ക്രൂ ഡ്രൈവറുപയോഗിച്ച് കുത്തി. മുറിവേറ്റ ഷിബിന്‍ ഇജാസിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. ഇതോടെ സമീപത്തുണ്ടായിരുന്ന ചെങ്കല്ല് ഉപയോഗിച്ച് ഷിബിന്‍റെ തലക്കടിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇജാസ് മൊഴി നല്‍കിയിരിക്കുന്നത്. ലഹരി സംഘങ്ങള്‍ താവളമാക്കുന്ന സ്ഥലമായതിനാല്‍ മറ്റാരും ഈ വഴിക്ക് വരാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇജാസിന്‍റെ സുഹൃത്തുക്കളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയേലക്ക് മാറ്റി.

content highlight : due-to-drunken-homosexuality-issues-ijas-confession-details-out