ബെംഗളൂരു ∙ കർണാടകയിൽ മാവോയിസ്റ്റ് ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്പാട്ട് ലക്ഷ്മി കീഴടങ്ങി. മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ പാക്കേജ് പ്രകാരമാണ് കീഴടങ്ങൽ. ലക്ഷ്മിക്ക് 7.50 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും. പൊലീസ് സുരക്ഷ അകമ്പടിയോടെ ഭർത്താവ് സഞ്ജീവ, സഹോദരൻ വിട്ടല പൂജാരി, ബന്ധുക്കൾ എന്നിവർക്കൊപ്പമാണ് ലക്ഷ്മി എത്തിയത്.
വാർത്തകളിൽ നിന്നാണ് സർക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ പാക്കേജിനെ കുറിച്ചു മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറഞ്ഞു. സിദ്ധരാമയ്യ ഒരു അവസരം നൽകി. അതിനനുസരിച്ച് സ്വമേധയാ കീഴടങ്ങുകയാണ്. ഞങ്ങളുടെ ഗ്രാമത്തിൽ റോഡുകളും വെള്ളവും സ്‌കൂളുകളും ആശുപത്രികളും ഇല്ല. ഈ വിഷയത്തിൽ സിദ്ധരാമയ്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
ലക്ഷ്മിയെ വൈദ്യപരിശോധനയ്ക്കു ശേഷം കുന്താപുരം കോടതിയിൽ ഹാജരാക്കി. ലക്ഷ്മിക്കെതിരെ ബൈന്ദൂർ താലൂക്കിലെ അമാസെബൈൽ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുൺ പറഞ്ഞു. ഇതിൽ 2007 ലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങളുമുണ്ട്.
തോമ്പാട്ടിലെ പഞ്ചു പൂജാരിയുടെ ഏഴു മക്കളിൽ ഏക പെൺകുട്ടിയായ ലക്ഷ്മി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഗ്രാമത്തിലെ വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. അക്കാലത്താണ് പശ്ചിമഘട്ടത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. മദ്യശാലകൾക്കെതിരായ പ്രതിഷേധങ്ങളാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. മാവോയിസ്റ്റ് സഞ്ജീവയെ വിവാഹം കഴിക്കുകയും പിന്നീട് ആന്ധ്രപ്രദേശിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.