ഡല്‍ഹി: പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം.മറ്റന്നാൾ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബിൽ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റിൽ വെക്കും. സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം. ബജറ്റ് അവഗണനകൾക്കെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധവും ഉയരും.
എൻഡിഎ അംഗങ്ങൾ മുന്നോട്ടുവച്ച മാറ്റങ്ങൾ മാത്രമാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ വിയോജനക്കുറിപ്പു നൽകിയിരുന്നു. ഈ കുറിപ്പിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമാണു റിപ്പോർട്ടിൽ ചേർത്തിരിക്കുന്നതെന്ന് കോൺഗ്രസ് അംഗം സയദ് നസീർ ഹുസൈൻ, എഐഎംഐഎം അംഗം അസദുദ്ദീൻ ഉവൈസി എന്നിവർ ആരോപിച്ചു. മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ അതിക്രമമാണ് ബിൽ എന്നാണു പ്രതിപക്ഷ ആരോപണം.