Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ

പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ. നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷത്തിലാണ് രണ്ട് പേർ പിടിയിലായത്. പോത്തുണ്ടി സ്വദേശികളായ രഞ്ജിത്, ഷിബു എന്നിവരാണ് പിടിയിലായത്. ഔദ്യാഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്.

നേരത്തെ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ​ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.

അതേസമയം മുൻ വൈരാഗ്യം വെച്ച് ചെന്താമര ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതി, തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി എലവഞ്ചേരിയിൽനിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാൾ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങിയ സമയം വെട്ടി വീഴ്ത്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാൾ പ്രതിയുടെ മുറിയിൽ കട്ടിലിനടിയിൽ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തിൽ ഓടിപ്പോയി.

തന്‍റെ കുടുംബം അകലാൻ കാരണം സുധാകരനും അമ്മയുമാണെന്ന് ചെന്താമര വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പ്രതിയിൽ നിന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ട് പെൺമക്കൾക്ക് ഭീഷണിയുണ്ട്. അയൽവാസികൾക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിപ്പോ‍ർട്ടിൽ പൊലീസ് പറഞ്ഞിരുന്നു.