തിരുവനന്തപുരം: കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാത്രം നടൻ മുകേഷ് രാജിവെച്ചാല്‍ മതിയാവുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. ധാര്‍മികതയുടെ പേരില്‍ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്നും സതീദേവി വ്യക്തമാക്കി. കണ്ണൂര്‍ സി.പി.എം ജില്ലാ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.
മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരക്ക് ഒപ്പം നിൽക്കുമെന്നും പി.കെ. ശ്രീമതി പ്രതികരിച്ചു.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
CONTENT HIGHLIGHT: p sathi devi opinion about actor mukesh issue