കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. എല്ലാകാര്യത്തിലും പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ആഗ്രഹിക്കുന്നതെന്നും. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്. അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും. കൂടുതല്‍ പണം ചോദിക്കുന്നത് വികസനത്തിനല്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വയനാട് ദുരന്തമുണ്ടായപ്പോള്‍ തന്നോട് അവിടെയെത്താൻ ആദ്യം പറഞ്ഞത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. അന്ന് രാത്രി രണ്ടുമണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു.
ജോര്‍ജ് കുര്യന്‍ നടത്തിയ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോള്‍ സഹായം കിട്ടുമെന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു.
STORY HIGHLIGHT: george kurian