ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ താമസ സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടിമരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. എന്നാൽ സ്കൂള്‍ പ്രിന്‍സിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്.
ആര്‍ക്കെതിരേയും കേസെടുത്തില്ലെങ്കിലും ആത്മഹത്യ ചെയ്യാന്‍ തക്കതായുള്ള മാനസികാഘാതം മിഹിറിന് ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഈ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവിൽ ആരെയും പ്രതിചേര്‍ത്തിട്ടില്ല. വരുംദിവസങ്ങളില്‍ വീണ്ടും സ്കൂള്‍ അധികൃതരെയടക്കം ചോദ്യം ചെയ്യും.
തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
STORY HIGHLIGHT: mihirs death