India

സത്യപ്രതിജ്ഞയിലേക്ക് മോദിക്ക് ക്ഷണം ഉറപ്പിക്കാൻ മന്ത്രി യു.എസ് സന്ദർശിച്ചെന്ന് രാഹുൽ; മറുപടിയുമായി ജയശങ്കർ – jaishankar slams rahul gandhis remarks

ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ അയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് ക്ഷണം ലഭിക്കാനെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തിങ്കളാഴ്ച ലോക്‌സഭയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിഛായ മോശമാക്കുന്ന പ്രസ്താവനകളാണു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേതെന്നു ജയശങ്കർ ആരോപിച്ചു. 2024ൽ താൻ നടത്തിയ യുഎസ് സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘2024 ഡിസംബറിലെ എന്റെ യുഎസ് യാത്രയെപ്പറ്റി രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റായ പ്രസ്താവന നടത്തുകയാണ്. ജോ ബൈഡന്‍ സർക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കും കോണ്‍സല്‍ ജനറലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനുമാണു പോയത്. നിയുക്ത ദേശീയ സുരക്ഷാ സെക്രട്ടറിയെയും കണ്ടു. പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതു സംബന്ധിച്ച് ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തില്ല. ഇത്തരം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാറില്ലെന്ന് ഏവർക്കും അറിയാം. പ്രത്യേക പ്രതിനിധികളെയാണ് ഇന്ത്യ അയയ്ക്കാറുള്ളത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാകാം രാഹുലിന്റെ നുണകള്‍. എന്നാല്‍, അത് ആഗോള തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണ്.’ ജയശങ്കർ എക്സിൽ കുറിച്ചു.

‘ഇന്ത്യയുടെ ഉൽപാദനം വര്‍ധിപ്പിച്ചിരുന്നെങ്കിൽ, സാങ്കേതികവിദ്യയില്‍ നല്ല പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്കു നമ്മുടെ പ്രധാനമന്ത്രിക്കു ക്ഷണം ലഭിക്കാനായി മൂന്നുനാലു തവണ വിദേശകാര്യമന്ത്രിയെ അയയ്ക്കേണ്ടായിരുന്നു. യുഎസ് പ്രസിഡന്‍റ് ഇവിടെ നേരിട്ടെത്തി ക്ഷണിക്കുമായിരുന്നു.’ എന്നാണ് രാഹുൽ പറഞ്ഞത്.

STORY HIGHLIGHT: jaishankar slams rahul gandhis remarks