Kerala

പോലീസുകാരന്റെ കൊലപാതകം; മരണകാരണം നെഞ്ചിലെ പരിക്ക് – police officer murder case

ഏറ്റുമാനൂരില്‍ കൊല്ലപ്പെട്ട പോലീസുകാരന് ക്രൂരമായ മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണം. മര്‍ദനമേറ്റ് പോലീസുകാരന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ശ്വാസകോശത്തില്‍ ക്ഷതവും ആന്തരിക രക്തസ്രാവവും സംഭവിച്ചതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റൂമാനൂര്‍ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് പോലീസുകാരനായ ശ്യാമിനെ ജിബിന്‍ കൊലപ്പെടുത്തിയത്. തട്ടുകടയിലെത്തിയ ജിബിന്‍ ഇവിടെ അക്രമാസക്തനായി. ഈ സമയത്താണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാംപ്രസാദ് കടയിലെത്തിയത്. ശ്യാമിനെ കണ്ടതോടെ വന്നത് പോലീസ് ആണെന്നും പ്രശ്‌നമുണ്ടാക്കിയാല്‍ അകത്തുകിടക്കുമെന്നും കടയുടമ ജിബിനോട് പറഞ്ഞു. ഇതുകേട്ടതോടെ പ്രകോപിതനായ ജിബിന്‍ ശ്യാംപ്രസാദിനെ ആക്രമിക്കുകയായിരുന്നു.

നിലത്തുവീണ ശ്യാമിന്റെ നെഞ്ചില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘമെത്തി ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജിബിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

STORY HIGHLIGHT: police officer murder case