വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ച് പുതിയത് നിർമിക്കാൻ ഹൈക്കോടതി ഉത്തരവ്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്. ഇവിടുത്തെ താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കാനും കോടതി നിർദേശിച്ചു.
ടവറുകൾ പൊളിച്ച് പുതിയവ നിർമിക്കുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾക്കുമായി രണ്ടാഴ്ചയ്ക്കുള്ളിൽ കലക്ടർ ഒരു സമിതി രൂപീകരിക്കണം. സ്ട്രക്ചറൽ എൻജിനീയർ, റസിഡന്റ്സ് അസോസിയേഷന്റെ 2 പ്രതിനിധികൾ, നഗരസഭ എൻജിനിയർ, ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ പ്രതിനിധി എന്നിവരാണ് ഈ സമിതിയിൽ ഉണ്ടാകേണ്ടത്. അപ്പാർട്മെന്റ് സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിക്കേണ്ടത്.
സൈനികർക്കും വിരമിച്ചവർക്കുമായി ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ 2018ലാണ് താമസക്കാർക്ക് കൈമാറിയത്. എന്നാൽ 208 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന ബി, സി ടവറുകളുടെ നിർമാണ പിഴവുകൾ അതേവർഷം തന്നെ പുറത്തുവരികയും ചെയ്തിരുന്നു. ടവറുകൾ അപകടാവസ്ഥയിലാണെന്നും താമസക്കാരെ എത്രയുംവേഗം ഒഴിപ്പിക്കണമെന്നും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധർ ഉൾപ്പെടെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിട്ട.കേണൽ സിബി ജോർജ് ഉൾപ്പെടെയുള്ള താമസക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
STORY HIGHLIGHT: high court orders demolition of chanderkunj army towers