മാലിന്യമലകൾ നീക്കിയ ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാമെന്ന് മന്ത്രി എം.ബി.രാജേഷ്. ബ്രഹ്മപുരം സന്ദർശിച്ച മന്ത്രി അവിടെ മേയർ എം.അനിൽകുമാറിനും പി.വി.ശ്രീനിജൻ എംഎൽഎയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു. കലക്ടർ എൻ.എസ്.കെ.ഉമേഷും ഇവർക്കൊപ്പമുണ്ടായിരുന്നു. മാലിന്യമലകള്‍ നീക്കംചെയ്ത ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്.
ബ്രഹ്മപുരത്ത് പതിറ്റാണ്ടുകളായി കുന്നുകൂടിയ മാലിന്യമാണ് ബയോ മൈനിങ്ങിലൂടെ നീക്കം ചെയ്യുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികൾ 75% പൂ൪ത്തിയായി. ഇതിലൂടെ 18 ഏക്കർ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു. ആകെയുള്ള 39 ഏക്കറിന്റെ 46 ശതമാനമാണിത്. മാലിന്യം നീക്കിയ പ്രദേശത്താണ് സിബിജി പ്ലാന്റ് ഒരുങ്ങുന്നതും. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയാറാക്കിയ 706.55 കോടിയുടെ പദ്ധതിക്ക് കൊച്ചി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മാലിന്യമലകള്‍ നീക്കിയ ബ്രഹ്‌മപുരത്ത് മേയര്‍ എം അനില്‍ കുമാറിനും പി വി ശ്രീനിജന്‍ എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ബ്രഹ്മപുരം, തൃശൂരിലെ ലാലൂർ, കോഴിക്കോട്ടെ ഞെളിയൻപറമ്പ്, കൊല്ലത്തെ കുരീപ്പുഴ ചണ്ടി ഡിപ്പോ, ഗുരുവായൂരിലെ ശവക്കോട്ട തുടങ്ങി മാലിന്യക്കൂനകളായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾക്ക് പുതിയ മുഖം നൽകാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ മാലിന്യക്കൂനകളില്ലാത്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT: minister mb rajesh visited brahmapuram