എം മുകേഷ് എംഎൽഎയെ വീണ്ടും പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ഓരോ ഘട്ടത്തിലും അത് വേണോ ഇത് വേണോ എന്ന് ചോദിക്കരുത്. കോടതിയിലാണ് ആ പ്രശ്നം ഉള്ളത്. പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നത്. ധാർമികത നോക്കി എംഎൽഎ സ്ഥാനം രാജി വെച്ചാൽ ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി വിധി വരുമ്പോൾ എംഎൽഎ സ്ഥാനം തിരിച്ചുകൊടുക്കുമോയെന്നും മുകേഷിന്റെ കാര്യത്തിൽ കോടതി തീരുമാനം പറയട്ടെ അപ്പോ നോക്കാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളന ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതാദ്യമായിട്ടല്ല എംഎൽഎയെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി എത്തുന്നത്. മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെയെന്നും, ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട് എന്നായിരുന്നു മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.