Kerala

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോഴിക്കോട് നഗരത്തില്‍ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അരയിടത്തുപാലം ഗോകുലം മാളിന് മുന്നിലാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ അടക്കം 30ഓളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒമ്പതോളം പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസാണ് മറിഞ്ഞത്. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുൻപിൽ പോവുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ഫയർഫോഴ്സും പൊലീസുമുണ്ട്. മറിഞ്ഞുകിടക്കുന്ന ബസ് ഉയർത്താനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്.