തുടർ പരാജയങ്ങളിൽ തകർന്ന് കൊണ്ടിരുന്ന മമ്മൂട്ടിയെ കരകയറ്റിയ ചിത്രമായി ന്യൂഡൽഹിയെ പറയാം. അടുത്തടുത്ത് റിലീസായ സിനിമകൾ പരാജയപ്പെട്ടപ്പോൾ സിനിമ ഉപേക്ഷിച്ചു പോകുകയാണെന്നുവരെ മമ്മൂട്ടി തീരുമാനിച്ചിരുന്നു. ആ സമയത്താണ് ജോഷി ന്യൂഡൽഹിയുമായി എത്തുന്നത്. അത് വെറുതെയായില്ല. ഡെന്നിസ് ജോസഫിന്റെ സ്ക്രിപ്റ്റിൽ വന്ന ഈ സിനിമ മമ്മൂട്ടി എന്ന നടനെ വീണ്ടും താരസിംഹാസനത്തിൽ പ്രതിഷ്ഠിച്ചു.
ആ വമ്പൻ വിജയം കേരളത്തിൽ മാത്രമല്ല, സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം തീർത്തു. ജോഷി എന്ന മാസ്റ്റർ ഫിലിം മേക്കർ വെറും 22 ദിവസം കൊണ്ട് ഷൂട്ട് ചെയ്തു തീർത്ത സംഭവബഹുലമായ സിനിമ. 1987 ജനുവരിയിലാണ് ഷൂട്ടിങ്ങിനായി ഡൽഹിയിലെത്തുന്നത്. രാജീവ് ഗാന്ധിയാണ് അന്നു പ്രധാനമന്ത്രി. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണി ഉള്ളതിനാൽ ഡൽഹിയിൽ എല്ലായിടത്തും കനത്ത സുരക്ഷയും പരിശോധനയും ഉണ്ടായിരുന്നു. പാർലമെന്ററികാര്യ മന്ത്രിയായിരുന്ന എം.എം.ജേക്കബ് സാർ വഴിയാണ് ഷൂട്ടിങ്ങിനുള്ള കുറെ അനുമതികൾ നേടിയെടുത്തത്. രാജീവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വി.ജോർജും നന്നായി സഹായിച്ചു.
പലയിടത്തും ഷൂട്ട് ചെയ്തെങ്കിലും തിഹാർ ജയിലിൽ ഷൂട്ട് ചെയ്യാനുളള അനുമതി കിട്ടിയില്ല. തിഹാർ ജയിലിന്റെ പുറം ഭാഗമായി ചിത്രീകരിച്ചത് ഒരു ശവകുടീരത്തിന്റെ മുൻവശമാണ്. മമ്മൂട്ടി ജയിലിൽനിന്ന് ഇറങ്ങുന്ന സീനുകളും മറ്റും ചിത്രീകരിച്ചത് അവിടെയാണ്. അകം ഭാഗങ്ങൾ ചിത്രീകരിച്ചത് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ്.
ന്യൂഡൽഹിയുടെ കഥ ആദ്യം ചർച്ച ചെയ്യുമ്പോൾ നായികാ വേഷത്തിനു വലിയ പ്രാധാന്യമില്ലായിരുന്നു. പിന്നീടാണു സുമലത ചെയ്ത മരിയ ഫെർണാണ്ടസ് എന്ന കഥാപാത്രം വരുന്നത്. ആ കഥാപാത്രത്തിന്റെ വരവ് വളരെ നന്നായി. കാരണം ക്ലൈമാക്സിൽ മരിയാ ഫെർണാണ്ടസാണ് ശങ്കർ എന്ന വില്ലനെ വെടിവച്ചു കൊല്ലുന്നത്. ജി.കെ പിടിക്കപ്പെട്ടല്ലോ എന്ന ടെൻഷനിൽ പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെടിയുതിരുന്നത്. ആ ഒറ്റ ഷോട്ടിൽ ആളുകൾ എഴുന്നേറ്റു നിന്നാണ് കൈ അടിച്ചത്.
ഇതിൽ സത്യരാജ് ആയിരുന്നു ആദ്യം വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുന്നത്. പിന്നീട് അത് ത്യാഗരാജനിലേക്ക് എത്തി. അദ്ദേഹവും മമ്മൂട്ടിയെ പോലെ തന്നെ തമിഴ്നാട്ടിൽ സ്റ്റാർഡം തകർന്നു നിൽക്കുന്ന സമയമായിരുന്നു അത്. അന്നേവരെ മലയാള സിനിമ എന്നാൽ അഡൾട്ട് സിനിമകളാണ് എന്നൊരു ലേബലിൽ കണ്ടിരുന്ന തമിഴ് ഓഡിയൻസ് ന്യൂഡൽഹി കണ്ട് അന്തം വിട്ടു.
ചെന്നൈയിലെ സഫയർ തിയേറ്ററിൽ 100 ദിവസം റെഗുലർ ഷോ കളിച്ച് ന്യൂ ഡൽഹി എന്ന മലയാള ചിത്രം തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിച്ചു . അതും ഒരു പാട്ടോ ഡാൻസോ മസാല എലമെന്റ്സോ ഒന്നുമില്ലാതെ. ആ സമയത്ത് പടം കണ്ട സൂപ്പർസ്റ്റാർ സാക്ഷാൽ രജിനികാന്ത് ഈ സിനിമ തന്നെ വെച്ച് റീമേക്ക് മേക്ക് ചെയ്യണമെന്ന ആവശ്യവുമായി സംവിധായകൻ ജോഷിയെയും ഡെന്നിസ് ജോസഫിനെയും അങ്ങോട്ട് പോയി കണ്ടു . രജനി അന്ന് ചെന്നത് ഹിന്ദിയിൽ ന്യൂഡൽഹി റീമേക്ക് ചെയ്യാനായിരുന്നു പക്ഷേ റീമേക്ക് റൈറ്റ്സ് വിറ്റു പോയിരുന്നത് കൊണ്ട് അന്നത് നടന്നില്ല .
ത്യാഗരാജൻ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം തമിഴ്നാട്ടിൽ വൻ സ്വീകാര്യത നേടിയിരുന്നു. അതിന്റെ ചുവടുപിടിച്ച് ന്യൂഡൽഹിക്ക് ഒരു രണ്ടാം ഭാഗം പോലും ഉണ്ടായി, മലയാളത്തിലല്ല തമിഴിൽ വിഷ്ണു എന്ന കഥാപാത്രത്തെ മെയിൻ ആക്കി ഒരു സ്പിൻ ഓഫ് പോലെ ആ കഥാപാത്രത്തിന്റെ കഥ പറഞ്ഞ സിനിമ – സേലം വിഷ്ണു. ത്യാഗരാജൻ തന്നെയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഫീൽഡ് ഔട്ട് ആയിരുന്ന മമ്മൂട്ടി മലയാളത്തിൽ ശക്തമായി തിരിച്ചുവന്നു എന്ന് മാത്രമല്ല തമിഴിൽ മലയാള സിനിമകൾക്ക് പുതിയൊരു മാർക്കറ്റ് കൂടി തുറന്നു കൊടുത്തു ന്യൂഡൽഹി.
അഭിനയം മതിയാക്കി സിനിമാ രംഗം വിടാനിരുന്ന മമ്മൂട്ടിയെ തിരിച്ചു കൊണ്ടു വന്നത് ഈ സിനിമയാണ്. ന്യൂഡൽഹി എന്ന സിനിമ, എല്ലായിടത്തും വലിയ ചർച്ചയായി മാറി. അന്നത്തെ കാലത്ത് പതിനഞ്ചോ, പതിനാറോ ലക്ഷം രൂപ കൊണ്ട് ഒരു സിനിമ തീരുമായിരുന്നെങ്കിൽ ന്യൂഡൽഹിക്കു മുപ്പത് ലക്ഷം രൂപയിലധികം ചിലവായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നു തന്നെ പത്തുലക്ഷം രൂപയുടെ ലാഭം കിട്ടിയിരുന്നു. ചെന്നൈയിലെ സഫയർ തിയറ്ററിൽ മാത്രം 125 ദിവസം ചിത്രം പ്രദർശിപ്പിച്ചു.
കല്യാണി ഫിലിംസിന്റെ ഉടമയായ സുധാകര റെഡ്ഡിക്കായിരുന്നു ന്യൂഡൽഹിയുടെ തെലുങ്ക്, കന്നഡ, ഹിന്ദി റൈറ്റ്സ് കൊടുത്തത്. അദ്ദേഹം അതു മൂന്നു ഭാഷകളിലും റീമേക്ക് ചെയ്തു. കന്നഡയിൽ അംബരീഷും, തെലുങ്കിൽ കൃഷ്ണം രാജുവും ഹിന്ദിയിൽ ജിതേന്ദ്രയുമാണ് നായകവേഷം ചെയ്തത്. കേരളത്തിൽ കിട്ടിയതു പോലെ ഒരു വിജയം ഈ മൂന്നു ഭാഷകളിലും കിട്ടിയിരുന്നില്ല. അതിനൊരു പ്രധാന കാരണം മമ്മൂട്ടിയുടെ അഭിനയ മികവാണ്.