ജയിലുകള്‍ സന്ദര്‍ശിച്ച് അപര്യാപ്തതകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉന്നതതലസമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിയ്യൂരിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതിയാണു രൂപീകരിക്കുക. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനുള്ള സുപ്രീം കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തടവുകാരെ എണ്ണം കൂടുതലുള്ള ജയിലുകളില്‍നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ ജയിലുകളിലേക്ക് മാറ്റി പാര്‍പ്പിക്കും. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതുതായി ഒരു സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തും. പത്തനംതിട്ട, തളിപ്പറമ്പ്, എന്നിവിടങ്ങളിൽ പുതിയ ജയിലുകളുടെ നിർമാണം വേഗത്തിലാക്കും.
യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. എ ജയതിലക്, ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ്, ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയവര്‍ സംസാരിച്ചു.
STORY HIGHLIGHT: new central jail planned in kerala