വൈറ്റില സിൽവർസാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ചു പുതിയതു നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ആശങ്ക ഒഴിയാതെ ഫ്ലാറ്റ് ഉടമകൾ. ഉത്തരവിൽ അവ്യക്തതയുണ്ടെന്നു ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നു ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കി. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് കഴിഞ്ഞ ദിവസം അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ‘ബി’, ‘സി’ ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കാൻ ഉത്തരവിട്ടത്.
നിർമാണ പിഴവിന് ഉത്തരവാദികളായ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനെ (എഡബ്ല്യുഎച്ച്ഒ) ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് സമിതിയിൽ ഉൾപ്പെടുത്താത്തതെന്നും ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു. പകരം കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ ഫ്ലാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടി.
സൈനികർക്കും വിരമിച്ചവർക്കുമായി എഡബ്ല്യുഎച്ച്ഒ നിർമിച്ച് 2018ലാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ താമസക്കാർക്ക് എന്നാൽ 208 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന ബി,സി ടവറുകളുടെ നിർമാണ പിഴവുകൾ വൈകാതെ തന്നെ പുറത്തു വരികയും ഫ്ലാറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയുമായിരുന്നു. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനും ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കുന്നതിനും ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സമിതി രൂപീകരിക്കണമെന്നായിരുന്നു കോടതി നിർദേശം.
STORY HIGHLIGHT: army towers demolition vyttila