കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലെ റാഗിങ് പരാതിയിൽ അന്വേഷണം ആരംഭിച്ച് പുത്തൻകുരിശ് പൊലീസും. ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. പരാതിയിൽ മിഹിറിന്‍റെ സഹോദരന്‍റെ മൊഴിയെടുത്തു. സ്കൂൾ മാനേജ്മെന്‍റിന്‍റെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടെയാണ് പുത്തൻകുരിശ് പൊലീസും അന്വേഷണം നടത്തുന്നത്.
അതേസമയം കുട്ടിയുടെ ആത്മഹത്യയിൽ പൊലീസിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അന്വേഷണം തുടരുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. സ്കൂൾ മാനേജ്മെന്‍റ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മിഹിറിൻ്റെ അമ്മ രജ്ന രംഗത്തെത്തിയിരുന്നു. ജെംസ് സ്കൂളിൽ നിന്ന് മിഹിറിനെ പുറത്താക്കിയിട്ടില്ല. അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി ഗ്ലോബൽ സ്കൂളിൽ പഠനത്തിനായി എത്തിയതാണെന്നുമാണ് രജ്ന വ്യക്തമാക്കിയിട്ടുള്ളത്.